പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് യാത്രകാര്‍ക്ക് പരിക്ക്

തൊടുപുഴ: പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്.ഉച്ചയ്ക്ക് 12.15 ഓടെ എംസി റോഡില്‍ രാമപുരം കുറിഞ്ഞി ഭാഗത്ത് കല്ലട വളവിലായിരുന്നു അപകടം. ബെംഗളൂരു – തിരുവല്ല – ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂരജ് എന്ന അന്തര്‍ സംസ്ഥാന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടം നടന്ന ബസിനുള്ളില്‍ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കല്‍ക്കെട്ടിന് സമീപത്തായി മറിയുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാല്‍, ഇതുവഴിയെത്തിയ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കരിങ്കുന്നം പൊലീസും തൊടുപുഴയി നിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
ബസിന്റെ ആറു ചക്രങ്ങളില്‍ രണ്ടെണ്ണത്തിന് തേയ്മാനം സംഭവിച്ചിരുന്നു. കനത്ത മഴയ്ക്കും വളവിനുമൊപ്പം ഇതും അപകട കാരണമായിട്ടുണ്ടാവാമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മാണി സി കാപ്പന് എംഎല്‍എ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 50 അടിയിലേറെ താഴ്ചയുള്ള കൂറ്റന്‍ കല്‍ക്കെട്ടിന് സമീപത്തായാണ് ബസ് മറിഞ്ഞത്. നേരിയ വ്യത്യാസത്തില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.