
അടിമാലി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ഹൈറേഞ്ചിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. സംഭരണശേഷിയുടെ പരമാവധിയെത്തിയതോടെ കല്ലാര്‍കുട്ടി, പ്ലാംബ്ബ അണക്കെട്ടുകള്‍ തുറന്നു.രണ്ടണക്കെട്ടുകളുടെയും രണ്ട് ഷട്ടറുകള്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.

പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. മാട്ടുപ്പെട്ടി, ഹെഡ് വര്‍ക്ക്‌സ്, ചെങ്കുളം, പൊന്‍മുടി തുടങ്ങി വിവിധ അണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിച്ചു.

വരും ദിവസങ്ങളില്‍ മഴ ശക്തിയാര്‍ജ്ജിക്കുമെന്നും അണക്കെട്ടുകളില്‍ ജലനിരപ്പ് വര്‍ധിക്കുമെന്നുമാണ് വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ.മഴ ശക്തിയാര്‍ജ്ജിച്ചതോടെ ഹൈറേഞ്ചിലെ പുഴകളിലും ജലനിരപ്പുയര്‍ന്നു.