
അടിമാലി: കാലവര്‍ഷം ശക്തമായതോടെ ദേവികുളം താലൂക്കില്‍ ഇന്നും പരക്കെ മഴ.രാവിലെ മഴ മാറി നിന്നുവെങ്കിലും ഉച്ചക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചു.അടിമാലി നായികുന്നില്‍ മരം വീണ് മണലേല്‍ വാസുവിന്റെ വീട് തകര്‍ന്നു.രണ്ട് വയോധികര്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.ദേവികുളം കോളനിയില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ ഒരു വീട് തകര്‍ന്നു. വില്‍സന്റെ വീടാണ് തകര്‍ന്നത്. തലനാരിഴക്കാണ് കുടംബം രക്ഷപ്പെട്ടത്.

അടക്കളയും രണ്ട് മുറികളും പൂര്‍ണ്ണമായി തകര്‍ന്നു.ദേശീയപാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം മണ്ണിടിച്ചിട്ടുണ്ടായി. സമീപത്തെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്.ജലനിരപ്പുയര്‍ന്നതോടെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു.കല്ലാര്‍കുട്ടി, പംബ്ല, ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടുകളാണ് തുറന്നത്.ദേവിയാര്‍ പുഴയിലും മുതിരപ്പുഴയിലും നല്ലിതണ്ണിയാറ്റിലും ജലനിരപ്പുയര്‍ന്നു. അടിമാലി മേഖലയില്‍ ദേശിയപാതനിര്‍മ്മാണം നടക്കുന്ന ഭാഗത്ത് നിന്നിരുന്ന മരം കടപുഴകി നിലം പതിച്ചു.അടിമാലി ടൗണിന് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണ് ഒരാള്‍ക്ക് പരിക്ക് സംഭവിച്ചു.വാളറ കാവേരിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് മുകളിലേക്ക് മുളങ്കൂട്ടം ഒടിഞ്ഞ് വീണു.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പടി ആറാംമൈല്‍ റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.അടിമാലി കുമളി ദേശിയപാതയിലും കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലും പലയിടങ്ങളിലായി നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായി.ഇന്നലെ വൈകുന്നേരം മണ്ണിടിച്ചില്‍ ുണ്ടായി വീട്ടമ്മ മരണപ്പെട്ട ലക്ഷം കോളനിയില്‍ ദേശിയ ദുരന്തനിവാരണ സേന പരിശോധന നടത്തി.മണ്ണിടിച്ചില്‍ സാധ്യതയുള്ള മൂന്നാറിലെ വിവിധ മേഖലകളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മഴ ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലുള്ള യാത്രക്ക് ചില നിയന്ത്രണങ്ങളുണ്ട്.മഴ തുടരുന്ന സാഹചര്യത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.മഴയും മണ്ണിടിച്ചിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ജില്ലാ ഭരണകൂടം നിരോധിച്ചു.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.