മഴപെയ്തതോടെ വീടിനോട് ചേര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു; വീടിടിയുമോയെന്ന ആശങ്കയില്‍ ഒരു കുടുംബം

അടിമാലി: വീടിനു സമീപമുള്ള മണ്‍തിട്ട ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായതിന്റെ ആശങ്കയിലാണ് കല്ലാര്‍കുട്ടി നിവാസിയായ വയോധികന്‍.73 വയസ്സുള്ള വിജയനും കുടുംബുമാണ് ഈ മഴക്കാലത്ത് വീടിടിഞ്ഞ് നിലംപതിക്കുമോയെന്ന ആശങ്കയില്‍ കഴിയുന്നത്.വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന വട്ടപറമ്പില്‍ വിജയന്റെ വീടാണ് മണ്ണിടിച്ചില്‍ ഭീഷണി മൂലം അപകടാവസ്ഥയില്‍ ആയിട്ടുള്ളത്.

ആയിരമേക്കര്‍ കൈത്തറിപ്പടി റോഡരികിലാണ് വിജയന്റെ വീടുള്ളത്.വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ടയിടിഞ്ഞ് താഴേക്ക് പതിച്ചു.ഇനിയും ഇടിച്ചില്‍ ഉണ്ടായാല്‍ വീടിന് ഭീഷണിയാകും. ഇടിഞ്ഞ ഭാഗത്ത് വലിയ പ്ലാസ്റ്റിക്ക് പടുത വിരിച്ച് മഴവെള്ളമിറങ്ങാതെ ക്രമീകരണമൊരുക്കി.റോഡ് നിര്‍മ്മാണം നടത്തിയതോടെയാണ് തന്റെ വീടിന് സമീപം ഇത്രവലിയ തിട്ടരൂപം കൊണ്ടതെന്നും വീടിന് സുരക്ഷയൊരുക്കാന്‍ അധികൃതരുടെ കനിവുണ്ടാകണമെന്നും വിജയന്‍ പറയുന്നു.

ഇടിച്ചില്‍ ഭീഷണി രൂപം കൊണ്ടതോടെ വിജയനും കുടുംബവും അയല്‍വീട്ടിലാണിപ്പോള്‍ അന്തി ഉറങ്ങുന്നത്.മഴകനക്കുന്നത് ഈ അഞ്ചംഗ കുടുംബത്തിന് ആശങ്കയാണ്.വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ടക്കിപ്പോള്‍ വലിയ ഉറപ്പൊന്നുമില്ല.സംരക്ഷണ ഭിത്തി തീര്‍ത്ത് ഈ ഭാഗത്തെ ഇടിച്ചില്‍ ഭീഷണി ഒഴിവാക്കി വീടിന് സുരക്ഷയൊരുക്കണമെന്നാണ് വിജയന്റെയും കുടുംബത്തിന്റെയും ആവശ്യം.