പ്രളയം തകര്‍ത്ത 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അനന്തമായി നീളുന്നു

അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അനന്തമായി നീളുന്നു. 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗമാണ് പ്രളയത്തില്‍ ഒഴുകി പോയത്.മെഴുകും ചാല് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു.

തകര്‍ന്ന പാലത്തിന് പകരം പുതിയപാലം നിര്‍മ്മിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അനന്തമായി നിളുകയാണ്.ഇനിയെങ്കിലും പാലത്തിന്റെ പുനര്‍ നിര്‍മ്മാണം സാധ്യമാക്കണമെന്ന ആവശ്യം ഈ പാലത്തെ ആശ്രയിച്ച് യാത്രചെയ്യുന്നവര്‍ വീണ്ടും മുമ്പോട്ട് വയ്ക്കുകയാണ്.ഒഴുകി പോയ പാലത്തിന്റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന്് മുളകൊണ്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്.

ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര.കൈവിരിപോലുമില്ലാത്ത ഈ പാലത്തില്‍ നിന്ന് കാലൊന്ന് വഴുതിയാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും.പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് ഇടവരുത്തിയിട്ടുണ്ട്.