
മൂന്നാര്‍: മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ മനസ്സില്‍ ആശങ്കപേറുന്നവരാണ് മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങള്‍.മഴകനക്കുന്നതോടെ കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊള്ളുന്നതാണ് കുടുംബങ്ങളെ വലക്കുന്ന പ്രധാന പ്രശ്‌നം.ഓരോ മഴക്കാലത്തും ഇവര്‍ വീട് വിട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കേണ്ടി വരുന്നു.

ഇനിയെങ്കിലും തങ്ങളുടെ പുനരധിവാസം സാധ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.2005 ജൂലൈ 25 ന് അന്തോണിയാര്‍ കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആറു വീടുകള്‍ പൂര്‍ണ്ണമായി തകരുകയും നാലു പേരുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു.അന്ന് തൊട്ടിങ്ങോട്ട് ഓരോ മഴക്കാലത്തും അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളുടെ മനസ്സില്‍ ആശങ്ക നിറയും.മണ്ണിടിയുമോയെന്ന ഭയമാണ്.മഴ കനത്ത് പെയ്യുന്നതോടെ സുരക്ഷിത ഇടത്തേക്ക് മാറണമെന്ന അധികൃതരുടെ പതിവ് നിര്‍ദ്ദേശമെത്തും.മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഓരോ മഴക്കാലത്തും വീട് വിട്ട് കുടുംബങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കും.

ഈ മഴക്കാലത്തും അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളുടെ ആശങ്കക്കും ദുരിതത്തിനും കുറവൊന്നും ഉണ്ടായിട്ടില്ല.മണ്ണിടിച്ചില്‍ ദുരന്തത്തിന് ശേഷം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ അന്തോണിയാര്‍ കോളനിയില്‍ ദുരന്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു.മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തു നിന്നും കുടുംബങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നു.പക്ഷെ ഇന്നും അക്കാര്യത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.

മഴ കനത്തതോടെ ഇത്തവണയും അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങള്‍ വീടുപേക്ഷിച്ച് സുരക്ഷിത ഇടത്തേക്ക് മാറി കഴിഞ്ഞു.മണ്ണിടിച്ചില്‍ ദുരന്തമുണ്ടായി ഒപ്പമുണ്ടായിരുന്ന 4 പേരെ നഷ്ടമായിട്ട് രണ്ട് പതിറ്റാണ്ടോടടുക്കുകയാണ്.പക്ഷെ ഇനിയും തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ പോന്ന ഇടപെടല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകാത്തതില്‍ വലിയ അമര്‍ഷം ഈ കുടുംബങ്ങള്‍ക്കുണ്ട്.