കരുതലിനായി കൈകോര്‍ത്ത് അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

അടിമാലി: കരുതലിനായി കൈകോര്‍ത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനു വേണ്ടി തങ്ങളുടെ പഠനത്തിന്റെ ഭാഗമായി എക്സ്റ്റന്‍ഷന്‍ ബോക്‌സുകള്‍ സ്വയം നിര്‍മിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.തൊഴിലധിഷ്ഠിത പഠനത്തിലൂടെ തങ്ങള്‍ സ്വായത്തമാക്കിയ അറിവുകള്‍ സ്‌കൂള്‍ ലാബില്‍ വച്ച് തന്നെ പൊതുസമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് ബാച്ചിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് നാലുതരത്തിലുള്ള എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ സ്വയം നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്ലാവിധ സുരക്ഷ നിര്‍ദ്ദേശങ്ങളും ഉറപ്പാക്കി വിപണി വിലയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇവര്‍ ബോര്‍ഡുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ എല്‍ഇഡി ലൈറ്റുകളും സ്റ്റാറുകളും നിര്‍മ്മിച്ച് വില്‍പ്പന നടത്തി ലഭിച്ച തുകയില്‍ നിന്നും ഇവര്‍ നടത്തിയ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അംഗീകാരങ്ങളും വിദ്യാര്‍ത്ഥികളെ തേടിയെത്തി. എക്സ്റ്റന്‍ഷന്‍ ബോക്‌സുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങുന്നത് മുതല്‍ ഇത് വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതുവരെ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്.300 രൂപ മുതല്‍ 600 രൂപ വരെയാണ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുടെ വിലകള്‍. കൂടാതെ ഒരു വര്‍ഷം ഗ്യാരണ്ടിയും നല്‍കുന്നു.

വിലകുറവും ഗുണമേന്മയുമുള്ള എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ക്ക് വിപണിയില്‍ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം എസ് അജി, അധ്യാപകരായ നിഥില്‍നാഥ് പി എസ്, രാജീവ് പി ജി , അജയ് ബി, അശ്വതി കെ എസ് എന്നിവരും ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.