
അടിമാലി: ദേശിയപാത 185ല്‍ അടിമാലി മേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ച് നീക്കുന്ന ജോലികള്‍ ആരംഭിച്ചു. പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ച് നീക്കണമെന്ന ആവശ്യം മഴക്കാലമാരംഭിച്ചത് മുതല്‍ ഉയരുന്നതാണ്.

അടുത്തിടെ സ്വകാര്യബസിന്റെ മുകളിലേക്കുള്‍പ്പെടെ മരം കടപുഴകി വീഴുകയും ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. ഈ സാഹചര്യത്തിലാണ് അടിമാലി മുതല്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ച് നീക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതോടെ മരം കടപുഴകി വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാകുമെന്നാണ് പ്രതീക്ഷ.

എന്‍ എച്ച് 185ന്റെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മരങ്ങള്‍ മുറിക്കുന്നത്. അടിമാലി മുതല്‍ പനംകുട്ടിവരെ ഏകദേശം അമ്പതിനടുത്ത മരങ്ങളാണ് അപകടാവസ്ഥ ഉയര്‍ത്തി നില്‍ക്കുന്നത്. അടിമാലിയില്‍ നിന്നും കത്തിപ്പാറ വരെമാത്രം മുപ്പത്തിരണ്ടോളം മരങ്ങള്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.