
അടിമാലി: ദേശിയപാത 85ല്‍ പത്താംമൈല്‍ കോളനിപ്പാലത്തിന് സമീപം ദേശിയപാതയുടെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയില്‍.ദേശിയപാത നവീകരണത്തിന്റെ ഭാഗമായുള്ള സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി വിവിധയിടങ്ങളില്‍ മണ്ണ് നീക്കിയതിനൊപ്പമായിരുന്നു കോളനിപ്പാലത്തിന് സമീപവും പാതയോരത്തു നിന്നും മണ്ണ് നീക്കിയത്.ഈ ഭാഗമാണിപ്പോള്‍ അപകടാവസ്ഥയിലായിട്ടുള്ളത്.

മണ്ണ് നീക്കിയ ഭാഗത്ത് റോഡിന്റെ അരിക് ഇടിഞ്ഞ് ഉള്ളിലേക്ക് ഗര്‍ത്തം രൂപംകൊണ്ട നിലയിലാണ്.ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ പാതയിടിഞ്ഞാല് വലിയ അപകടത്തിന് ഇടവരുത്തുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.റോഡിലൂടെ പോകുമ്പോള്‍ അരികിടിഞ്ഞ് റോഡിന്റെ ഉള്‍ഭാഗം പൊള്ളയായ വിവരം പെട്ടന്ന് തിരിച്ചറിയാനാകില്ല.

മഴ പെയ്താല്‍ ഇടിഞ്ഞ ഭാഗം കൂടുതല്‍ ഇടിയാനുള്ള സാധ്യത നിലനില്ക്കുന്നു.അങ്ങനെ സംഭവിച്ചാല്‍ റോഡിന് ബലക്ഷയം ഉണ്ടാകും.റോഡ് കൂടുതലായി ഇടിയും മുമ്പെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.