
അടിമാലി: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മരച്ചീനി കര്‍ഷകനും അടിമാലി സ്വദേശിയുമായ തോമസ്.കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുഖ്യ കര്‍ഷകരില്‍ ഒരാളാണ് അടിമാലി സ്വദേശിയും മരച്ചീനി കര്‍ഷകനുമായ തോമസ് കെ വി. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരച്ചീനി ഇനം വര്‍ഷങ്ങളായി നൂതന രീതില്‍ കൃഷി ചെയ്യുന്നുണ്ട് തോമസ്.

സാങ്കേതിക വിദ്യകളായ മൈക്രോണല്‍, കസ്റ്റമൈസ്ഡ് കപ്പവളക്കൂട്ടുകള്‍ പ്രയോജനപ്പെടുത്തിയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് മരച്ചീനി കൃഷി തോമസ് മുമ്പോട്ട് കൊണ്ടുപോകുന്നത്.കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ അറുപത്തൊന്നാമത് ഫൗണ്ടേഷന്‍ ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നാമ നിര്‍ദ്ദേശ പ്രകാരം തോമസിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അവാര്‍ഡ് സമ്മാനിച്ചത്.

താന്‍ കൃഷിയിറക്കുന്ന കപ്പയുടെ തണ്ടുകള്‍ മറ്റ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും തോമസിന് മടിയില്ല. അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്ര ഡയറക്ടര്‍ ഡോ ജി ബൈജു, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബിയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ എന്നിവരും പങ്കെടുത്തു.