
അടിമാലി: ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു.ചിത്തിരപുരത്തായിരുന്നു അപകടം സംഭവിച്ചത്.രാവിലെ 9 മണിയോടെ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിനു മുകളിലേക്ക് പാതയോരത്തു നിന്നിരുന്ന കൂറ്റന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു.അടിമാലി ഭാഗത്തു നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്നും വാഹനത്തിലുണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മരശിഖരം പതിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.പിന്നീട് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.മഴക്കാലമാരംഭിച്ച ശേഷം ഓടുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരവും ശിഖരങ്ങളും വീണുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

കഴിഞ്ഞ ദിവസം കല്ലാര്‍ മാങ്കുളം റോഡില്‍ സമാന രീതിയില്‍ സംഭവിച്ച അപകടത്തില്‍ നിന്നും കുടുംബം പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടിരുന്നു.പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ നിസംഗത പുലര്‍ത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്.