
അടിമാലി: ദേവികുളം താലൂക്കില്‍ ഇന്ന് മഴയുടെ ശക്തി കുറഞ്ഞു.തിങ്കളാഴ്ച്ച രാത്രിയില്‍ പെയ്ത കനത്തമഴയില്‍ ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ വ്യാപക നാശം സംഭവിച്ചിരുന്നു.വിവിധയിടങ്ങളില്‍ മണ്ണിടിയുകയും ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായ പള്ളിവാസലിന് സമീപത്തെ യാത്രാ തടസ്സങ്ങള്‍ നീക്കി.

മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ഗതാഗത തടസ്സങ്ങളില്ല. ഗ്യാപ്പ് റോഡില്‍ യാത്രാ നിയന്ത്രണം തുടരുന്നുണ്ട്.ഇന്നലെ പകല്‍ എന്ന പോലെ ഇന്നും മഴ മാറി നിന്നു. ചിലയിടങ്ങളില്‍ നേരിയ മഴ ലഭിച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെ ക്രമാതീതമായി ഉയര്‍ന്ന പുഴകളിലെ ജലനിരപ്പില്‍ നേരിയ കുറവും സംഭവിച്ചു.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നുണ്ട്.ദേവികുളം താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.മഴയിലും മണ്ണിടിച്ചിലിലും വീടുകള്‍ക്ക് നഷ്ടം സംഭവിച്ചവരടക്കം ക്യാമ്പുകളില്‍ ഉണ്ട്.മഴ മുന്നറിയിപ്പുകളുടെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തിപ്പോരുന്നു.വരും ദിവസങ്ങളില്‍ മഴകനക്കുമോയെന്നും ആശങ്കയുണ്ട്.