മുറിവേറ്റു…… നീല വസന്തത്തിന്
ചൊക്രമുടിയിൽ ചോലക്കുറിഞ്ഞികൾ പൂവിട്ട് തുടങ്ങി

റിപ്പോർട്ട്: ജെജിൻ മാത്യു
അടിമാലി: ചൊക്രമുടി മലനിരകളെ ഭൂമാഫിയ കീറിമുറിച്ചെങ്കിലും അവശേഷിച്ച കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ചൊക്രമുടിയിലെ വിവാദ ഭൂമിയയുടെ സമീപത്തായിട്ടാണ് ചോലക്കുറിഞ്ഞികളുടെ പൂവിട്ടത്. ചോലക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും ആണ് ചൊക്രമുടി മലനിരകളിലെ പ്രധാന ഇനങ്ങൾ. 2014 ലാണ് ഇതിനു മുൻപ് ചൊക്രമുടി മലനിരകളെ നീല വസന്തമാക്കി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2026 ലാണ് ചൊക്രമുടിയിലെ കുറിഞ്ഞിക്കാലം. അതിനു മുൻപ് തന്നെ ഒറ്റതിരിഞ്ഞ് ചോലക്കുറിഞ്ഞി പൂവിട്ടു തുടങ്ങിയിരുന്നു. നീലക്കുറിഞ്ഞി പൂവിടാൻ 12 വർഷം വേണമെങ്കിലും പത്തുവർഷം മുതൽ ചോലക്കുറിഞ്ഞികൾ പൂവിട്ടു തുടങ്ങും. പശ്ചിമഘട്ട മലനിരകളിൽ രാജമലയും കൊളുക്കുമലയും കഴിഞ്ഞാൽ ഏറ്റവും കുറിഞ്ഞികൾ വിടുന്നത് ചൊക്രമുടി മലനിരകളിലാണ്. പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. സ്ട്രോബിലാന്തസ് കുന്തിയാനസ് എന്നാണ് ശാസ്ത്രീയ നാമം. ഇവ കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്.
നീലക്കുറിഞ്ഞിയുടെ സവിശേഷതകൾ

ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ മാത്രം പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. ഭൂരിഭാഗവും 12 വർഷം കൂടുമ്പോൾ പൂക്കുന്നവയാണ്.ഒന്നര അടി മുതൽ 8 മീറ്റർ വരെ ഉയരം വെക്കുന്ന പലയിനം കുറിഞ്ഞുകളുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിൽ താഴെയും 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും വളരുന്നു. ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ഇവയുടെ കാലചക്രത്തിനു കൃത്യമായ ഇടവേളകൾ ഉണ്ട്. മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ടു മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും. വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ചു ഇവ സ്വയം നശിക്കുന്നു. കുറിഞ്ഞിച്ചെടികളുടെ കാണ്ഡത്തിന്റെ അഗ്രഭാഗം ചരിഞ്ഞു വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം അടുത്ത വർഷം ചെടി പുഷ്പിക്കുമെന്ന്. വൈവിധ്യമാർന്ന പല നിറങ്ങളിലും കാണപ്പെടുന്നു. നീലയ്ക്കും ഊതനിറത്തിനും ഇടയിൽ, ഇളം വയലറ്റ്, നീല, ഇളം നീല, ഇരുണ്ട തവിട്ടു നിറം, വെള്ള നിറം, വെള്ള കലർന്ന ഇളം ചുവപ്പ്, വയലറ്റ് കലർന്ന വെള്ള, അവിടവിടെ ചുവപ്പു നിറമുള്ള വെള്ള, ഇളം റോസ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ കുറിഞ്ഞുകൾ കാണപ്പെടുന്നു