മുനിയറകൾ സംരക്ഷിക്കാൻ നടപടിയില്ല
ശിലായുഗത്തിന്റെ അവശേഷിപ്പുകളാണ് മുനിയറകൾ

റിപ്പോർട്ട്: ജെജിൻ മാത്യു
അടിമാലി: ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാടിന് ഒരു ചരിത്രമുണ്ട്. പ്രാചീന ശിലായുഗത്തിന്റെ ചരിത്രം പേറുന്ന മുട്ടുകാട്ടിലെ മുനിയറകൾ. ശിലായുഗത്തിന്റെ അവശേഷിപ്പുകളാണ് മുനിയറകൾ. ഇവ സംരക്ഷിക്കാൻ ഇനിയും നടപടിയില്ല. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ മുനിയറകൾ പലതും നാശത്തിന്റെ വക്കിലാണ്. വിനോദസഞ്ചാരസാധ്യതകളേറെയുള്ള ചൊക്രമുടി മലനിരകളോടു ചേർന്നാണ് നിരവധി മുനിയറകളുള്ള മുട്ടുകാട് മലനിരകൾ.
മറയൂരിലും മുട്ടുകാട്ടിലും മാത്രമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകൾ കാണപ്പെടുന്നത്. ഈ മുനിയറകൾ പുരാവസ്തു വകുപ്പിന് കൈമാറി കൂടുതൽ പഠനത്തിനു വിധേയമാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അത് പാഴ് വാക്കായി. വിനോദസഞ്ചാരവകുപ്പ് ഏറ്റെടുത്ത് മുനിയറകളെ സംരക്ഷിച്ച് ടൂറിസം വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിന് ചരിത്രാതീത കാലം, എന്നൊന്നില്ലെന്ന വാദം അടുത്തകാലം വരെ പലരും ഉന്നയിച്ചിരുന്നു. എന്നാൽ ലോകത്തില മറ്റേതൊരു പ്രദേശത്തെയും പോലെ കേരളത്തിലും ചരിത്രാതീതകാലത്തും ജനവാസമുണ്ടായിരുന്നുവെന്നതിന് തെളിവാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടെത്തിയ മുനിയറകൾ. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള് മുനിയറകൾ ഇന്ന് സംരക്ഷണമില്ലതെ നശിക്കുകയാണ്.