നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് കൃത്യമായി പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നു

അടിമാലി : നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യം. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് കൃത്യമായി പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ഓൾ കേരള ആർട്ടിസാൻസ് ആൻ്റ് പെയിൻ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കോയ അമ്പാട്ട് പറഞ്ഞു. ആനുകൂല്യങ്ങളും പെൻഷനും കൃത്യമായി ലഭിക്കാൻ ഉള്ള ഇടപെടൽ വേണമെന്നാണ് ആവശ്യം.
നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന നിരവധിയായ തൊഴിലാളികളാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളത്. ഇവർ കൃത്യമായി തങ്ങളുടെ അംശാദായം അടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഒരു വർഷക്കാലത്തെ പെൻഷൻ തൊഴിലാളികൾക്ക് ലഭിക്കേണ്ടതായിട്ടുണ്ട്. തൊഴിലാളികൾ അടച്ചിട്ടുള്ള അംശാദായം തിരികെ ലഭിക്കുന്നതിലും കാലതാമസം നേരിടുന്നുവെന്നും എന്നും കോയ അമ്പാട്ട് വ്യക്തമാക്കി.
പ്രസവ ആനുകൂല്യം, ചികിത്സ ആനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും വലിയ കാലതാമസം നേരിടുന്നു എന്നും ആക്ഷേപമുണ്ട്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം തൊഴിലാളികളെ വലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങൾ സമയബന്ധിതമായി തൊഴിലാളികൾക്ക് ലഭിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.