
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം. കടലാര്‍ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. മേയാന്‍ വിട്ട പ്രദേശവാസിയായ പാല്‍ദുരൈയുടെ പശു തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.
മുമ്പും ഈ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ പാല്‍ദുരൈയുടെ പശു കൊല്ലപ്പെട്ടിരുന്നു. ഈ ഭാഗത്ത് വന്യജീവികളുടെ ശല്യം വര്‍ധിക്കുന്നുവെന്ന് വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. തോട്ടം മേഖലയിലെ ആകെ കണക്ക് പരിശോധിച്ചാല്‍ പുലിയുടെയും കടുവയുടെയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ള പശുക്കളുടെ എണ്ണം വളരെ വലുതാണ്.

പല തൊഴിലാളികളും നഷ്ടം സംഭവിച്ച് പശു വളര്‍ത്തല്‍ അവസാനിപ്പിച്ചു.പാല്‍ ഉത്പാദനത്തേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വേനല്‍ക്കാലമെത്തുന്നതോടെ വന്യജീവി ശല്യം രൂക്ഷമാകുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്.