കാലവർഷ കെടുതി : ആയിരമേക്കര്‍ സ്വദേശിയുടെ വിളവെടുപ്പിന് പാകമായ അഞ്ഞുറോളം വാഴകള്‍ നിലംപതിച്ചു

പ്രതീക്ഷയോടെ നട്ട് പരിപാലിച്ച് വന്നിരുന്ന അടിമാലി ആയിരമേക്കര്‍ സ്വദേശിയും കര്‍ഷകനുമായ വര്‍ഗ്ഗീസിന്റെ അഞ്ഞുറോളം ഏത്തവാഴകളാണ് ഞായറാഴ്ച്ച മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും നിലംപതിച്ചത്. വാഴ നിലം പതിക്കാതിരിക്കാന്‍ താങ്ങ് നല്‍കിയിരുന്നെങ്കിലും ശക്തമായി വീശിയ കാറ്റ് വിനയായി. കൃഷിയിറക്കിയിരുന്ന വാഴകള്‍ പൂര്ണ്ണമായെന്നോണം നിലംപതിച്ചുവെന്ന് നിരാശയോടെ വര്‍ഗ്ഗീസ് പറയുന്നു

വാഴക്കുലകള്‍ വിളവെടുപ്പിന് പതിയെ പാകമായി വരുന്നതിനിടയിലാണ് കാലവര്‍ഷം വര്‍ഗ്ഗീസിന്റെ ഏത്തവാഴ കൃഷിക്ക് വലിയ ആഘാതം ഏല്‍പ്പിച്ചത്. ഇതിനോടകം വലിയൊരു തുക ഈ കര്ഷകന് വാഴ കൃഷിക്കായി ചിലവഴിച്ചു കഴിഞ്ഞു. വാഴക്കുലകള്‍ നിലംപതിച്ചതോടെ നഷ്ടക്കണക്ക് മാത്രമായി ബാക്കി.

ഒടിഞ്ഞ വീണ വാഴക്കുലകള്‍ വെട്ടി വിപണിയിലെത്തിച്ച് ഉണ്ടായ നഷ്ടത്തിന്റെ ആഘാതം കുറക്കാനുള്ള ശ്രമത്തിലാണ് വര്‍ഗ്ഗീസ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ നഷ്ടത്തിന് ധനസഹായം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകുക പ്രയാസമെന്നും വര്‍ഗ്ഗീസ് പറയുന്നു.