
മൂന്നാര്‍: മൂന്നാറില്‍ കാട്ടാന ആക്രമണം.ഇന്ന് രാവിലെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ മൂന്നാര്‍ എം ജി നഗര്‍ സ്വദേശിനി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്ക് പരിക്ക് സംഭവിച്ചു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ കല്ലാറിലെ പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ പരിസരത്ത് വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ രാവിലെ കേന്ദ്രത്തില്‍ ജോലിക്കായി എത്തിയതായിരുന്നു.
സംഭവ സമയത്ത് വേറെയും തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. ആനയുടെ ആക്രമണത്തില്‍പ്പെടാതെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണും ചിലര്‍ക്ക് പരിക്ക് സംഭവിച്ചു. ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം.മറ്റൊരാനയും ഒറ്റകൊമ്പനൊപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒറ്റകൊമ്പന്റെ സാന്നിധ്യമുണ്ടായിരുന്നു. ആക്രമണം നടത്തിയ ആന പിന്തിരിഞ്ഞ ശേഷമാണ് പരിക്കേറ്റവരെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചത്. തൊഴിലാളികള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായതോടെ മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.മൂന്നാര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് റോഡില്‍ കുത്തിയിരുന്നു.