
മറയൂര്‍: രൂക്ഷമായി തുടരുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കാന്തല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ദിവസമായി നടന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ നിലനില്‍ക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ നേതൃത്വത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ദിവസമായി രാപകല്‍ സമരം നടന്നു വന്നിരുന്നത്. പയസ് നഗറിലെ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ നടന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം തഹസില്‍ദാര്‍ സമര പന്തലിലെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്താനുള്ള നടപടികളും ആരംഭിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ജനവാസമേഖലയിലും കൃഷിയിടങ്ങളിലും തമ്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടത്തെ ഇന്ന് മുതല്‍ കാട്ടിലേക്ക് തുരത്തും. വനാതിര്‍ത്തികളില്‍ സംരക്ഷണവേലി ഉടനടി സ്ഥാപിക്കും. വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് തീറ്റയും കുടിവെള്ള സൗകര്യവും ഉറപ്പാക്കും. വനാതിര്‍ത്തികളില്‍ വെച്ചുതന്നെ കാട്ടാനകളെ പ്രതിരോധിക്കാന്‍ വാച്ചര്‍മാരെ നിയമിക്കും. സൗരോര്‍ജ്ജ വേലികളുടെ അറ്റകുറ്റപ്പണികള്‍ നടത്തും തുടങ്ങി വിവിധയാവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത്. പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്.