
അടിമാലി: റേഷന്‍കടയില്‍ മസ്റ്ററിംഗ് നടത്താന്‍ എത്തിയയാള്‍ ക്യൂ നില്ക്കാന് ആവശ്യപ്പെട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി റേഷന്‍കട ജീവനക്കാരി രംഗത്ത്.മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശിനിയായ ബിന്ദുവാണ് മര്‍ദ്ദനമേറ്റുവെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.ബൈസണ്‍വാലിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലെ ജീവനക്കാരിയായ ബിന്ദുവിന്റെ പരാതി ഇങ്ങനെ.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ റേഷന്‍കടയില്‍ മസ്റ്ററിംഗിനായി എത്തിയയാള്‍ ക്യൂ നില്ക്കാന് ആവശ്യപ്പെട്ടതിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു.നല്ല തിരക്കുള്ള സമയത്തായിരുന്നു ഇയാള്‍ കടയിലെത്തിയതെന്നും ക്യൂ നില്ക്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ അല്‍പ്പ സമയം ക്യൂ നിന്ന ശേഷം അകാരണമായി വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ബിന്ദു പറയുന്നു.അക്രമം നടത്തിയാള്‍ അസഭ്യവര്‍ഷം നടത്തിയതായും ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് റേഷന്‍കട ലൈസന്‍സിയെ വിവരമറിയിക്കുകയും അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദു ചികിത്സ തേടുകയും ചെയ്തു.തന്നെ ആക്രമിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു രാജാക്കാട് പോലീസില്‍ പരാതി നല്കി.