മഴകുറഞ്ഞു; പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ തുടര്‍ ജോലികള്‍ ആരംഭിക്കണം, ചാണകം മെഴുകി പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അടിമാലി : മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തം. 2018ലെ പ്രളയകാലത്തായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് തകര്‍ന്നത്. 2019ലെ കാലവര്‍ഷം കൂടിയായതോടെ റോഡിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായി. നാളുകളുടെ കാത്തിരിപ്പിന് ശേഷം സര്‍ക്കാര്‍ നിര്‍മ്മാണ ജോലികള്‍ക്കായി തുക അനുവദിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുറച്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണം നടത്താന്‍ കരാറുകാരന് നാളിതുവരെ കഴിഞ്ഞിട്ടില്ല. റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയുമൊക്കെ ചെയ്തു. ചില കലുങ്കുകളുടെ നിര്‍മ്മാണവും നടത്തി. എന്നാല്‍ ടാറിംഗ് ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ മഴക്കാലമെത്തിയതോടെ നിര്‍മ്മാണ ജോലികള്‍ നിലച്ചു. തുടര്‍ച്ചയായി മഴ പെയ്ത് വെള്ളമൊഴുകി റോഡില്‍ ഉറപ്പിച്ചിരുന്ന മെറ്റല്‍ പൂര്‍ണ്ണമായി ഇളകിയ നിലയിലാണ്. ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്നത് ആവര്‍ത്തിക്കുന്നു. ചെറുവാഹനങ്ങളിലെ യാത്ര അത്യധികം ദുഷ്‌ക്കരമാണ്.
റോഡ് തകര്‍ന്നത് മുതല്‍ പറഞ്ഞറിയിക്കാനാകാത്ത വിധം പ്രദേശവാസികള്‍ യാത്രാ ക്ലേശം അനുഭവിക്കുന്നുണ്ട്. പ്രദേശത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളടക്കം പുറം ലോകത്തേക്ക് യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്. ചിക്കണംകുടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലേക്കുള്ള വഴിയും ഇതു തന്നെ. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കൊക്കെയും പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡ് തകര്‍ന്നതോടെ ഇതുവഴി സര്‍വ്വീസ് നടത്തുന്ന ഓട്ടോ ടാക്സി തൊഴിലാളികളും പ്രതിസന്ധി നേരിടുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നം. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നു വരാന്‍ മടിക്കുന്നതിനാല്‍ ആളുകള്‍ വലിയ തുക നല്‍കി ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയുമുണ്ട്.
ചാണകം മെഴുകി പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മഴ കുറഞ്ഞ സാഹചര്യത്തിലാണ് പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ തുടര്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. റോഡിന്റെ ടാറിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ചാണകം മെഴുകി പ്രതിഷേധിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ തുടര്‍ ജോലികള്‍ ആരംഭിക്കുന്നത് ഇനിയും വൈകരുതെന്നാണ് ആവശ്യം. ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി ജോണ്‍സി ഐസക്ക് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് തോമസ് പോത്തമൂട്ടില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം പ്രസിഡന്റ് സാജു ജോസ്, ഇ ജെ ജോസഫ്, ബിജു ജോര്‍ജ്ജ്, ജോസ് ജേക്കബ്, റോബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ ജോലികള്‍ ആരംഭിക്കാത്ത പക്ഷം തുടര്‍ സമരവുമായി രംഗത്ത് വരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.