മഴയുടെ ലഭ്യത കുറവ്; പ്രതിസന്ധിയില്‍ വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍

അടിമാലി: ശീതകാല പച്ചക്കറികളുടെ വിള നിലമായ വട്ടവടയില്‍ മഴക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയില്‍ കാര്‍ഷിക വൃത്തിയാകെ താളം തെറ്റും. കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടവട മേഖലയില്‍ ഉണ്ടായിട്ടുള്ള മഴയുടെ ലഭ്യത കുറവാണിപ്പോള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അടുത്ത വിനോദ സഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്‌ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്. പക്ഷെ കഴിഞ്ഞ ഒന്നരമാസക്കാലത്തോളമായി വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. പകല്‍ സമയത്തെ ചൂട് മൂലം മണ്ണുണങ്ങി വരണ്ടു.ഇനിയും മഴ ലഭിക്കാത്ത സ്ഥിതിയുണ്ടായാല്‍ വട്ടവടയിലെ കാര്‍ഷിക മേഖലയാകെ താളം തെറ്റുമെന്ന് കര്‍ഷകര്‍ പറയുന്നു.

ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങി തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞ് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വയ്ക്കുന്നത്. തുലാ വര്‍ഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഉള്ളത്.