
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാന പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി ജെ പിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ശാന്തി കവാടമെന്ന പേരില്‍ അടിമാലി ഗ്രാമപഞ്ചായത്ത് കൂമ്പന്‍പാറയില്‍ പൊതുശ്മശാനം തുറന്നത്. അടിമാലിയില്‍ നിന്നുമാത്രമല്ല സമീപ മേഖലകളില്‍ നിന്നുള്ള ആളുകളും സംസ്‌ക്കര ചടങ്ങുകള്‍ക്കായി ഈ പൊതു ശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യം നില നില്‍ക്കെ പൊതുശ്മശാന പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാന്‍ പഞ്ചായത്ത് നീക്കം നടത്തുന്നുവെന്നാണ് ബി ജെ പിയുടെ ആരോപണം. ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി ജെ പിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൊതുശ്മശാന പരിസരം മാലിന്യ കൂമ്പാരമാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി അടിമാലി മണ്ഡലം പ്രസിഡന്റ് മനോജ് കുമാര്‍ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. സുമേഷ് എസ് കളരിക്കല്‍, ജില്ലാ കമ്മിറ്റി അംഗം രാജീവ് പ്ലാമൂട്ടില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഓമനക്കുട്ടന്‍, അടിമാലി പഞ്ചായത്ത് ഏരിയ പ്രസിഡന്റ് ബിജുമോന്‍ പി കെ, ഏരിയ ജനറല്‍ സെക്രട്ടറി ബിനോയി മാമലശ്ശേരി, ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി എംപി, ബി എം എസ് മേഖലാ സെക്രട്ടറി സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.