ദേശിയപാതയിലെ മരംമുറി വിഷയം; പണിമുടക്ക് പൂര്‍ണ്ണം, വാളറയില്‍ ദേശിയപാത ഉപരോധവും മരം മുറിക്കലും

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് എന്‍ എച്ച് സംരക്ഷണ സമിതി ദേവികുളം താലൂക്കില്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂര്‍ണ്ണം. നേര്യമംഗലം വനമേഖലയില്‍ ദേശിയപാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് കോടതി നിര്‍ദേശം ഉണ്ടായിട്ടും മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ എച്ച് സംരക്ഷണ സമിതി ദേവികുളം താലൂക്കില്‍ പൊതുപണിമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരുന്നത്.

താലൂക്കിലെ ഗ്രാമീണ മേഖലകളിലടക്കം പണിമുടക്കം പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങാതെ വന്നതോടെ പണി മുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. കെ എസ് ആര്‍ സി ബസുകള്‍ സര്‍വ്വീസ് നടത്തി. ചുരുക്കം വിനോദ സഞ്ചാര വാഹനങ്ങളും നിരത്തിലിറങ്ങി. പ്രതിഷേധ സൂചകമായി വാളറയില്‍ സമരക്കാര്‍ യോഗം സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശിയപാതയോരത്തെ മരങ്ങള്‍ മുറിച്ചും സമരക്കാര്‍ പ്രതിഷേധിച്ചു.

വാളറയില്‍ ദേശിയപാത ഉപരോധവും സംഘടിപ്പിച്ചു. ഇതോടെ ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉണ്ടായ ചില വാക്ക് തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ പ്രതിഷേധ സമരത്തില്‍ മറ്റനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. നിരവധിയാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തോടെ സമരക്കാര്‍ യോഗവും ഉപരോധ സമരവും അവസാനിപ്പിച്ചു.
പ്രതിഷേധ യോഗത്തില്‍ എന്‍ എച്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ പി എം ബേബി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റിതര സംഘടനകളുടെയും എന്‍ എച്ച് സംരക്ഷണ സമിതിയുടെയും ഭാരവാഹികള്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. വനം, റവന്യൂ വകുപ്പുകള്‍ മരം മുറിക്കാതെ ആളുകളുടെ ജീവന്‍ വച്ച് പന്താടുകയാണെന്ന് സമരത്തില്‍ സംസാരിച്ചവര്‍ ആരോപിച്ചു.