
അടിമാലി: വെള്ളത്തൂവല്‍ ടൗണില്‍ സ്ഥാപിച്ചിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന് പരാതി.വെള്ളത്തൂവല്‍ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായി സ്ഥാപിച്ചിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റാണ് രാത്രികാലത്ത് പ്രകാശിക്കുന്നില്ലെന്ന പരാതിക്ക് ഇടവരുത്തിയിട്ടുള്ളത്. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്ഥാപിച്ച ഈ ലൈറ്റ് ക്രമേണ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.നേരം ഇരുണ്ട് വ്യാപാര ശാലകള്‍ അടക്കുന്നതോടെ ടൗണ്‍ കൂരാകൂരിരുട്ടിലാകുന്നുവെന്നാണ് പരാതി. പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ചില വഴിവിളക്കുകളുടെ സ്ഥിതിയും സമാനമെന്നും ടൗണിലെ മിനി ഹൈമാസ്റ്റ് ലൈറ്റുള്‍പ്പെടെ പ്രകാശപൂരിതമാക്കാന്‍ നടപടി വേണമെന്നുമാണ് ആവശ്യം.
വാഹനങ്ങളില്‍ നിന്നും വ്യാപാര ശാലകളില്‍ നിന്നുമുള്ള വെളിച്ചമാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ച ഭാഗത്ത് ടൗണിനെ അല്‍പ്പമെങ്കിലും പ്രകാശപൂരിതമാക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഉള്‍പ്പെടെ രാത്രികാലത്ത് ടൗണിലുണ്ട്. മറ്റ് വാഹനയാത്രികരും വന്നു പോകുന്നു. പഞ്ചായത്ത് പരിധിയിലെ വഴിവിളക്കുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.