
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ തുടരുന്ന കാട്ടുമൃഗ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം. ദിവസം കഴിയുന്തോറും മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുമൃഗശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്.കാട്ടാനകള്‍ മാത്രമല്ല ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്നത്. കാട്ടുപോത്തും പുലിയുമെല്ലാം ജനവാസ മേഖലകളിലൂടെ സ്വരൈ്യവിഹാരം നടത്തുന്നു. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്. മുമ്പ് പടയപ്പയെ പോലുള്ള ഒറ്റയാന്‍മാരായിരുന്നു ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞിരുന്നതെങ്കില്‍ നിലവില്‍ വേറെയും കാട്ടാന കൂട്ടങ്ങള്‍ ജനവാസമേഖലയിലേക്കെത്തുന്ന സാഹചര്യമുണ്ട്.
പുലിയുടെ ആക്രമണത്തില്‍ ഇന്നലെയും പശുവിന് പരിക്കേറ്റു. ഇത്തരത്തില്‍ വന്യജീവികളുടെ ശല്യം അവസാനിക്കാത്ത സ്ഥിതിയാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ ഉള്ളത്. മഴക്കാലമായിരുന്നിട്ട് പോലും മൃഗങ്ങള്‍ മുമ്പെങ്ങും ഇല്ലാത്ത വിധം കാടിറങ്ങുന്നതാണ് കുടുംബങ്ങളുടെ ആശങ്കയുടെ അടിസ്ഥാനം. മഴമാറി വേനല്‍ കനക്കുന്നതോടെ കാട്ടുമൃഗശല്യം വര്‍ധിക്കുമോയെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ നടപ്പാക്കുമെന്നറിയിച്ചിട്ടുള്ള പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും ജനവാസ മേഖലയില്‍ നിന്നും കാട്ടാനയടക്കമുള്ള മൃഗങ്ങളെ പൂര്‍ണ്ണമായി തുരത്താന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുകയും വേണമെന്നാണ് ആവശ്യം.