
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ വന്യജീവികള്‍ കന്നുകാലികളെ ആക്രമിച്ച് കൊല്ലുന്നത് തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. തോട്ടം ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ അധികവരുമാനത്തിനായാണ് മൂന്നാറിലെ തോട്ടം മേഖലയിലെ കുടുംബങ്ങള്‍ കന്നുകാലികളെ വളര്‍ത്തുന്നത്. എന്നാല്‍ തോട്ടം മേഖലയില്‍ വര്‍ധിച്ച് വരുന്ന വന്യജീവിയാക്രമണം തൊഴിലാളി കുടുംബങ്ങളെ വലക്കുകയാണ്.കടുവയുടെയും പുലിയുടെയും ആക്രമണത്തില്‍ കന്നുകാലികള്‍ കൊല്ലപ്പെടുന്നതാണ് പ്രതിസന്ധിയാകുന്നത്. പ്രശ്ന പരിഹാരം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതിഷേധങ്ങളും സമരങ്ങളും നടന്നുവെങ്കിലും കന്നുകാലികള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചാല്‍ നൂറിലധികം പശുക്കള്‍ തോട്ടം മേഖലയില്‍ കടുവയുടെയും പുലിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉള്‍മേഖലകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ പലപ്പോഴും പുറംലോകം അറിയാതെ പോകുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു.കന്നുകാലികള്‍ കൊല്ലപ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒന്നിലധികം കന്നുകാലികള്‍ കൊല്ലപ്പെട്ടിട്ടുള്ള കര്‍ഷകരുമുണ്ട്. പലരും കാലി വളര്‍ത്തല്‍ ഉപേക്ഷിച്ച് കഴിഞ്ഞു.
വന്യജീവിയാക്രമണം വര്‍ധിച്ചതോടെ കന്നുകാലികളെ വ്ല്പ്പന നടത്തിയ കര്‍ഷകരുമുണ്ട്. ഇത് ചിലയിടങ്ങളില്‍ പാല് ഉത്പാദനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വന്യജീവിയാക്രമണം ചെറുക്കാന്‍ ഫലവത്തായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നഷ്ട പരിഹാരം ലഭിക്കുന്നതിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ കെണിയൊരുക്കി പിടികൂടി മാറ്റണമെന്നും കന്നുകാലികള്‍ കൊല്ലപ്പെടുന്നവര്‍ക്ക് കൃത്യമായ നഷ്ട പരിഹാരം ലഭ്യമാക്കുകയും വേണമെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.