
മൂന്നാര്‍: ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിവായുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കാന്‍ പുതിയ ലൈന്‍ വലിക്കാന്‍ കെ എസ് ഇ ബി.മഴക്കാലമായാല്‍ ഇടമലക്കുടിയില്‍ അടിക്കടി വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവാണ്. ഈ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലൈന്‍ വലിക്കാന്‍ കെ എസ് ഇ ബി പദ്ധതിയൊരുക്കുന്നത്. വനത്തിനുള്ളില്‍ക്കൂടി കവേഡ് കണ്ടക്ടര്‍ ലൈനുകള്‍ അഥവ പ്രത്യേക കവ ചിത ലൈനുകള്‍ വലിക്കാനാണ് പദ്ധതി. പെട്ടിമുടി ചെക്‌പോസ്റ്റ് മുതല്‍ ഇഡലിപ്പാറ വരെയുള്ള 7.5 കിലോമീറ്റര്‍ ദൂരം 350 തൂണുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കും.1.5 കോടി രൂപയാണ് ചെലവ്. അനുമതിക്കായി പദ്ധതിയുടെ രൂപരേഖ വകുപ്പിന് സമര്‍പ്പിച്ചു.പഞ്ചായത്തിലെ സൊസൈറ്റി കുടി, ഇഡ്ഡലിപ്പാറ, ഷെഡുകുടിയുടെ ഒരു ഭാഗം എന്നീ സെറ്റില്‍മെന്റുകളിലെ വീടുകളിലാണ് നിലവില്‍ വൈദ്യുതിയുള്ളത്. കണ്ടത്തിക്കുടി, ഷെഡുകു ടി, അമ്പലപ്പടിക്കുടി, നടുക്കുടി, ആണ്ടവന്‍കുടി എന്നിവിടങ്ങളിലെ 150 വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
പെട്ടിമുടിയില്‍നിന്നു ഭൂമിക്കടിയിലൂടെ കേബിളുകള്‍ വലിച്ചാണ് നിലവില്‍ ഇഡ്ഡലിപ്പാറയിലെ ട്രാന്‍സ്‌ഫോമറില്‍ വൈദ്യു തിയെത്തിക്കുന്നത്. എന്നാല്‍ മഴക്കാലമായാല്‍ കേബിളുകള്‍ നശിക്കുന്നത് പതിവാണ്. തകരാര്‍ കണ്ടുപിടിച്ച് പരിഹരിക്കുന്നതിന് പലപ്പോഴും കാലതാമസമെടുക്കുന്നതിനാല്‍ ഇടമലക്കുടിയില്‍ ആഴ്ചകള്‍ വൈദ്യുതിയില്ലാത്ത അവസ്ഥ പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ മൊബൈല്‍ റേഞ്ചും ലഭിക്കില്ല.ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നോണമാണ് പുതിയ ലൈന്‍ വലിക്കാന്‍ കെ എസ് ഇ ബി പദ്ധതിയൊരുക്കുന്നത്.