എ ടി എം കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 74,000 രൂപ പിന്‍വലിച്ച് കടന്ന പ്രതിയെ പോലീസ് പിടികൂടി
മറയൂര്‍: സി ഡി എമ്മില്‍ പണമിടാനെത്തിയ ആളുടെ എ ടി എം കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 74,000 രൂപ പിന്‍വലിച്ച് കടന്ന പ്രതിയെ ഏഴരമാസത്തിനുശേഷം മറയൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് സ്വദേശി ഷിജുവാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 14ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറയൂരിലെ എസ്.ബി.ഐ.യുടെ സി.ഡി.എം. കൗണ്ടറില്‍ പണം നിക്ഷേപിക്കാനെത്തിയ കാന്തല്ലൂര്‍ പെരടി പള്ളം സ്വദേശി ദുരൈ രാജാണ് തട്ടിപ്പിന് ഇരയായത്.
ദുരൈരാജിന് സി.ഡി.എമ്മില്‍ പണം ഇടാന്‍ അറിയില്ലായില്ലായിരുന്നു. അതിനാല്‍ ആ സമയം കൗണ്ടറിലുണ്ടായിരുന്ന ഷിജുവിനോട് സഹായം തേടി. ഇയാള്‍ ദുരൈരാജിന്റെ എ.ടി.എം. വാങ്ങി പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ് രണ്ട് പ്രാവശ്യമായി അക്കൗണ്ടിലേക്ക് പണമിട്ടു. ബാലന്‍സ് ചെക്ക് ചെയ്യുവാന്‍ നിര്‍ദേശിച്ചപ്പോള്‍ അതും പറഞ്ഞുകൊടുത്തു. പിന്നീട് ഇയാള്‍ കൈവശമുണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ദുരൈ രാജിന് നല്‍കി പകരം ദുരൈരാജിന്റെ കാര്‍ഡുമായി കടന്നു. എ.ടി.എം കാര്‍ഡ് മാറ്റി നല്‍കിയത് ദുരൈരാജിന് അറിയില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും ദുരൈരാജ് ബാങ്കിലെത്തിയപ്പോ ഴാണ് കാര്‍ഡ് മാറിയത് മനസ്സിലായത്. ബാങ്കില്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 74,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. ദുരൈരാജിന് മാറ്റിക്കൊടുത്ത കാര്‍ഡ് പ്രതി ഷിജുവിന്റേതല്ലായിരുന്നു. ആലപ്പുഴ സ്വദേശിയുടേതായിരുന്നു. ഇദ്ദേഹത്തെ പോലീസ് ബന്ധപ്പെട്ടപ്പോള്‍, തന്റെ കാര്‍ഡ് നഷ്ടപ്പെട്ടിട്ട് പുതിയ കാര്‍ഡ് എടുത്തിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കി. പീരുമേട്ടില്‍ സമാന കേസില്‍ ഷിജു് പ്രതിയായിരുന്നു. അങ്ങനെയാണ് തട്ടിപ്പുകാരന്‍ ഇയാളാണെന്ന് മനസ്സിലായത്. മുണ്ടക്കയത്ത് ഷിജുവിന്റെ ബന്ധു വീടുണ്ടെന്ന് പോലീസിന് മനസ്സിലായി. കാഞ്ഞിരപ്പള്ളി മേഖലയില്‍ പ്രതിയെ കണ്ടതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്നിയാളെ മറയൂര്‍ പോലീസ് പിടികൂടുകയായിരുന്നു.