ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന തൂക്കുപാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

മൂന്നാര്‍: 2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന തൂക്കുപാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചൊക്കനാടിനേയും പഴയമൂന്നാറിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലമായിരുന്നു ഒഴുകിപോയത്. പാലം ഇല്ലാതായതോടെ ഈ പാലത്തെ ആശ്രയിച്ച് യാത്ര നടത്തിയിരുന്ന കുടുംബങ്ങള്‍ക്ക് യാത്രാ ക്ലേശം വര്‍ധിച്ചു. തൂക്കുപാലത്തിലൂടെ എളുപ്പത്തില്‍ ടൗണിലെത്തിയിരുന്ന കുടുംബങ്ങള്‍ക്ക് യാത്രക്കായി അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയായി. ആവശ്യങ്ങള്‍ക്കൊടുവിലാണ് തകര്‍ന്ന പാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.
എം പി ഫണ്ടില്‍ നിന്നും എഴുപത് ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്ന് മാസങ്ങള്‍ കൊണ്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. തൂക്കുപാലം തന്നെയാണ് പുതിയതായി നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ചൊക്കനാട് മേഖലയിലെ കുടുംബങ്ങളുടെ പഴയ മൂന്നാര്‍ ടൗണിലേക്കുള്ള യാത്രാ കൂടുതല്‍ എളുപ്പമാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വേഗത്തില്‍ ടൗണിലേക്കെത്താന്‍ പുതിയപാലം സഹായിക്കും. പഴയ മൂന്നാറിലെ രണ്ട് തൂക്കുപാലങ്ങളായിരുന്നു പ്രളയത്തില്‍ തകര്‍ന്നത്.അതിലൊരു പാലത്തിന്റെ നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.