മൂന്നാറില്‍ വഴിയോര കച്ചവടമൊഴിപ്പിക്കല് നിലച്ചതിനെതിരെ സമര പരിപാടികളളായി വ്യാപാരികള്‍

മൂന്നാര്‍: മൂന്നാറില്‍ വഴിയോര കച്ചവടമൊഴിപ്പിക്കല് നിലച്ചതിനെതിരെ സമര പരിപാടികളളായി വ്യാപാരികള്‍ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ നിലച്ച സാഹചര്യത്തിലാണ് മൂന്നാറിലെ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശവും ട്രാഫിക് കമ്മിറ്റി തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, സബ് കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് വ്യാപാരികള്‍ പരാതി നല്‍കും. സമരത്തിന്റെ ആദ്യ ഘട്ടമായി വെള്ളിയാഴ്ച്ച ഉച്ചവരെ കടകള്‍ അടച്ചിട്ട് മൂന്നാര്‍ ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് മൂന്നാറിലെ വ്യാപാരികളുടെ തീരുമാനം.ഒഴിപ്പിക്കല്‍ നടപടിയുണ്ടാകാത്ത പക്ഷം കോടതി അലക്ഷ്യത്തിന് ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും മൂന്നാര്‍ മര്‍ച്ചന്റ് ഹാളില്‍ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെയും മറ്റും പ്രതിഷേധത്തെ തുടര്‍ന്ന് വഴിയോര കച്ചവട മൊഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ അടിയന്തിര യോഗം ചേര്‍ന്നത്.