
മൂന്നാര്‍: എട്ടുമാസമായി പൂട്ടിക്കിടക്കുന്ന കെ എസ് ആര് ടി സിയുടെ പിങ്ക് കഫേ തുറക്കാന്‍ നടപടിയില്ല. പഴയ മൂന്നാറില്‍ കെ എസ് ആര് ടി സി ഡിപ്പോക്ക് മുമ്പില്‍ ദേശിയപാതയോരത്തായിരുന്നു പിങ്ക് കഫെ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കഫേ അടച്ചു പൂട്ടിയത്. വാടക താങ്ങാന്‍ കഴിയാത്തതിനാലാണു കുടുംബശ്രീ കഫെയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 20,000 രൂപയായിരുന്ന മാസ വാടക പെട്ടെന്ന് അധികൃതര്‍ 25,000 ആയി വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്. പ്രവര്‍ത്തനരഹിതമായിരുന്ന പഴയ ബസ് റസ്റ്റോറന്റ് മാതൃകയിലാക്കിയായി രുന്നു കഫേ പ്രവര്‍ത്തിച്ചിരുന്നത്.
നാടന്‍ ഭക്ഷണങ്ങള്‍ വിലക്കുറവില്‍ ലഭിച്ചിരുന്ന കഫേ ചുരു ങ്ങിയ കാലം കൊണ്ടു മൂന്നാറില്‍ സന്ദര്ശനത്തിനെത്തിയിരുന്ന സഞ്ചാരികളുടെ ഇഷ്ട ഭക്ഷണ ശാലയായിമാറിയിരുന്നു. ഈ കഫേയാണിപ്പോള് മാസങ്ങളായി അടഞ്ഞ് കിടക്കുന്നത്. കഫേയുടെ പ്രവര്‍ത്തനം നിലച്ച തോടെ വാടകയിനത്തില്‍ വകുപ്പിനു ലഭിക്കേണ്ടിയിരുന്ന ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമായത്. ഡിപ്പോക്ക് സമീപം തന്നെയുള്ള കെ എസ് ആര് ടി സിയുടെ നിയന്ത്രണത്തിലുള്ള ഹോട്ടലും മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്.