അടിമാലി : അടിമാലി അപ്സരകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അപകടസാധ്യത ഉയര്‍ത്തുന്നു. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണ് അടിമാലി അപ്സരകുന്ന് തലമാലി റോഡ്. ഈ റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സാധ്യതയേറെയുള്ള കുത്തനെയുള്ള കയറ്റവും കൊടും വളവുമുള്ളത്. ഇതിനൊപ്പമാണിപ്പോള്‍ ഈ ഭാഗത്ത് റോഡില്‍ വലിയ കുഴി കൂടി രൂപം കൊണ്ടിട്ടുള്ളത്.
ഇതോടെ ഈ വളവിലൂടെയുള്ള വാഹന ഗതാഗതം കൂടുതല്‍ ദുഷ്‌ക്കരമായി. വളവിലെ കുഴി അടക്കുകയും അപകട സാധ്യത ഒഴിവാക്കുകയും വേണമെന്നാണ് ആവശ്യം. മുമ്പ് പാതയുടെ പല ഭാഗത്തും വീതി വര്‍ധിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു. ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നു പോകുന്നുണ്ട്. കൊടും വളവും കുത്തനെയുള്ള കയറ്റവും മൂലം വഴിപരിചിതമല്ലാതെത്തുന്ന വാഹനയാത്രികര്‍ ഈ അപകട വളവില്‍ എത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യവുമുണ്ട്. വളവില്‍ റോഡിന്റെ വീതി കുറവും വെല്ലുവിളിയാകുന്നു. എസ് ആകൃതിയിലുള്ള വളവിന്റെ ഈ ഭാഗത്ത് കയറ്റവും വളവും കുറച്ച് വീതി വര്‍ധിപ്പിക്കുകയും അപകട സാധ്യത കുറക്കാന്‍ റോഡിന്റെ ഒരു ഭാഗത്ത് സുരക്ഷാ ഭിത്തി നിര്‍മ്മിക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.