മാട്ടുപ്പെട്ടി ജലാശയത്തില്‍ സി പ്ലെയിന്‍ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്
മൂന്നാര്‍: മാട്ടുപ്പെട്ടി ജലാശയത്തില്‍ സി പ്ലെയിന്‍ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.
സി പ്ലെയിന്‍ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനവകുപ്പിന് അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് വനവകുപ്പ് അക്കമിട്ട് ആശങ്ക അറിയിച്ചത്. ദേശീയ ഉദ്യാനങ്ങളടക്കം ഉള്‍പ്പെടുന്ന മേഖലയാണ് മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം. കാട്ടാനകള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം.
സി പ്ലെയിന്‍ സര്‍വീസ് തുടങ്ങണമെങ്കില്‍ നിര്‍ബന്ധമായും ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരമുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. മുമ്പെ തന്നെ പദ്ധതി നടത്തിപ്പില്‍ ആശങ്ക അറിയിച്ച് വനംവകുപ്പ് രംഗത്തെത്തിയിരുന്നു. ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയടക്കം ഇക്കാര്യത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതിലോല മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സീ പ്ലെയിന്‍ പോലുള്ള വിനോദോപാധികള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ പരിസ്ഥിതി സംഘടനകളുടെ ആരോപണം. സീ പ്ലെയിനിന്റെ ശബ്ദം വന്യജീവികള്‍ക്ക് പ്രകോപനം ഉണ്ടാകാന്‍ കാരണമാകുമെന്നും
പരിസ്ഥിതി സംഘടനകള്‍ വാദിക്കുന്നു.