
അടിമാലി : നൂറാങ്കര മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ കുടുംബങ്ങള്‍ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷിനാശം വരുത്തുന്നുണ്ട്.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് നൂറാങ്കര മേഖല. ഇവിടെ മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടാന ശല്യം രൂക്ഷമാണ്. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ഈ പ്രദേശത്തൊക്കെയും സ്വരൈ്യവിഹാരം നടത്തുന്ന സ്ഥിതിയുണ്ട്. ഏലവും കമുകുമടക്കം കൃഷിവിളകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. വെള്ളം പമ്പു ചെയ്യാനുപയോഗിക്കുന്ന മോട്ടറടക്കം വേറെയും നാശനഷ്ടങ്ങള്‍ കാട്ടാനകള്‍ വരുത്തിയതായി പ്രദേശവാസികള്‍ പറയുന്നു.
കൊടകല്ല് ഭാഗത്തു നിന്നടക്കം രണ്ടിടങ്ങളിലൂടെ കാട്ടാനകള്‍ നൂറാങ്കര ഭാഗത്തേക്കെത്തുന്നുവെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. നൂറിനടത്ത കുടുംബങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. കുരങ്ങാട്ടി പീച്ചാട് റോഡ് കടന്നു പോകുന്നതും കാട്ടാനകള്‍ ഇറങ്ങുന്ന ഈ ഭാഗത്തുകൂടിയാണ്. കാട്ടാന ശല്യം വര്‍ധിച്ചതോടെ കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയുണ്ട്. നേരമിരുളുന്നതോടെ ഭയപ്പാടോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. വീടുകള്‍ക്ക് നേരെയും മറ്റും കാട്ടാന ആക്രമണം ഉണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ പങ്ക് വയ്ക്കുന്നു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്ന പ്രദേശങ്ങളില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തീര്‍ത്ത് കാട്ടാന ശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം.