
അടിമാലി: കല്ലാര്‍കൂട്ടി, വെള്ളത്തൂവല്‍ ഡാംമുകളിലെ ചെളിയും മണലും നീക്കം ചെയ്യുന്ന നടപടികളുമായി കെ.എസ് ഇ ബി. കല്ലാര്‍കൂട്ടി ഡാമിന്റെ സംഭരണശേഷിയുടെ 48 ശതമാനവും വെള്ളത്തൂവല്‍ ഡാംമിന്റെ സംഭരണശേഷിയുടെ 75 ശതമാനവും ചെളിയും മണലും മൂടി കിടക്കുന്നതിനാല്‍ വര്‍ഷ കാലത്ത് ഡാം തുറന്ന് വിടുന്ന അവസ്ഥയാണ് ഉള്ളത്.

കാലവർഷം കനക്കുമ്പോള്‍ കേരളത്തിലെ ആദ്യം ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന അണക്കെട്ടുകളിൽ ഒന്നാണ് കല്ലാര്‍കുട്ടി അണക്കെട്ട്.1961 ല്‍ സ്ഥാപിതമായ കല്ലാര്‍കൂട്ടി അണക്കെട്ട് സ്ഥിതി ചെയ്യുന്ന വൃഷ്ടിപ്രദേശങ്ങളില്‍ 40വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഉരുള്‍ പൊട്ടലുകളും 2018-19 ലെ പ്രളയവും കഴിഞ്ഞപ്പോള്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 48 ശതമാനവും ചെളിയും മണലും വന്നു മൂടിയിരിക്കുകയാണ്. തന്മൂലം വൈദ്യുത ഉത്പാദനം നടത്താന്‍ കഴിയാതെ ജലം പുറത്തേക്ക് ഒഴുക്കി കളയുകയാണ് കാലാകാലങ്ങളായി ബോര്‍ഡ് അധികൃതര്‍ ചെയ്തു വരുന്നത്.

അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടി വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. അണക്കെട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ വില്‍പ്പന നടത്തുക വഴി കോടികളുടെ ലാഭം ബോര്‍ഡിന് ലഭിക്കുമായിരുന്നു. എന്നാല്‍ കല്ലാർകുട്ടി അണക്കെട്ടിൽ നിന്നും രാത്രി കാലങ്ങളില്‍ പഞ്ചായത്ത് ,പോലീസ് എന്നിവര്‍ക്ക് വന്‍തുക കൈക്കൂലി നല്കി വ്യാപകമായ മണല്‍ കടത്ത് നടന്നു വരുന്നുണ്ട്. എന്തായാലും ബോര്‍ഡ് ഇതിനായുള്ള ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനായി കേരള ഇറിഗിയേഷന് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ഇതിനായി പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞതായി സുരക്ഷ വിഭാഗം പറഞ്ഞു.