
അടിമാലി: അടിമാലി കുമളി ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ട്. ഇനിയുള്ള 21 ദിവസം ഏതെങ്കിലും തരത്തിലുള്ള പരാതികൾ സമർപ്പിക്കുവാനുള്ള സമയമാണ്. അടിമാലിക്ക് ഒരു ബൈപ്പാസ് റോഡും അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അലൈൻമെന്റ് കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിലുള്ള അലൈൻമെന്റിൽ ചില ഭേദഗതികൾ പ്രദേശവാസികളും മറ്റ് സംഘടനാ പ്രസ്ഥാനങ്ങളും മുൻപോട്ട് വെച്ചിട്ടുണ്ട് . ഈ ഭേദഗതികൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുവാൻ തീരുമാനിച്ചതായി അഡ്വ. ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു .

ഇത് സർക്കാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അടിമാലി കുമളി ദേശീയപാതയുടെ നിർമ്മാണം . ആദ്യഘട്ടം പനംകുട്ടി മുതൽ ഡബിൾകട്ടിംഗ് വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കുന്നത്. തുടർന്ന് ബാക്കി ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. 30 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനം. നിരവധി വളവോടുകൂടിയ ഭാഗം നിവർത്തി കൊണ്ടാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. പുതിയ പാലങ്ങളും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തീകരിക്കുന്നുണ്ട്. നിലവിൽ അടിമാലി മുതൽ കുമളി വരെയുള്ള ദൂരം 90 കിലോമീറ്റർ ആണ്. ഇത് 77 കിലോമീറ്റർ ചുരുക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കീരിത്തോട്, കരിമ്പൻ,ചേലച്ചോട്, ചെറുതോണി, കട്ടപ്പന, ആനവിലാസം, കുമളി എന്നിവിടങ്ങളിൽ ബൈപ്പാസ് റോഡുകളും യാഥാർത്ഥ്യമാക്കി കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.