
അടിമാലി: കാര്‍ഷിക കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് നല്കുവാനുള്ള 110 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യുക, സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക സഹകരണസംഘങ്ങളോട് കാണിക്കുന്ന രാഷ്ട്രീയ അനീതി അവസാനിപ്പിക്കുക, പ്രൈമറി സംഘങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ഓഹരി ഇനത്തിലുള്ള തുക തിരിച്ചു നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ ജനാധിപത്യ വേദി സമരവുമായി രംഗത്ത്. ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സഹകരണ ജനാധിപത്യ വേദി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ല കണ്‍വീനര്‍ ഒ.ആര്.ശശി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്കുവാനുള്ള അധികാരം പുനസ്ഥാപിക്കുക, സഹകരണ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സഹകരണ ജനാധിപത്യ വേദി മുമ്പോട്ട് വയ്ക്കുന്നുണ്ട്. സമരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ചെയര്മാന് ജോയ് തോമസ് അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡണ്ട് സിപി മാത്യു മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം എല്‍ എമാരായ ഇ.എം.ആഗസ്തി, എ.കെ.മണി, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍,ജോയി വെട്ടികുഴി തുടങ്ങിയവര്‍ സംസാരിക്കുമെന്നും സഹകരണ ജനാധിപത്യ വേദി ജില്ല കണ്‍വീനര്‍ ഒ ആര് ശശി, പി ആര് സലിംകുമാര്‍, ജേക്കബ്ബ് പോള്‍, കെ പി. അസ്സിസ്, ഹാപ്പി കെ വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.