സി പി എമ്മിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അവഗണിക്കുന്നുവെന്നാരോപിച്ച് സി പി എം അടിമാലി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും നടന്നത്. ബസ് സ്റ്റാന്‍ഡ് റോഡില്‍ ഉപരോധം തീര്‍ത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.സി പി എം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. അടിമാലി ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, ബസ് സ്റ്റാന്‍ഡ് പരിസരത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തുക, ബസ് സ്റ്റാന്‍ഡ് ഹൈടെക് രീതിയില്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി പി എം പ്രതിഷേധത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.പ്രതിഷേധ സമരത്തില്‍ പി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. റ്റി കെ സുധേഷ് കുമാര്‍, സി എസ് സുധീഷ്, കെ വി ഉല്ലാസ്, ഷേര്‍ളി മാത്യു, റോജി പോള്‍, കെ എ ഹാരിസ്, ബെന്നി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിഷയത്തില്‍ പ്രശ്‌ന പരിഹാരം കാണുന്നില്ലെങ്കില്‍ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ തുടര്‍ സമരം നടത്തുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി.