വെള്ളത്തൂവല്‍, ആനച്ചാല്‍ റൂട്ടില്‍ കൂടുതല്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് ആവശ്യം

അടിമാലി: വെള്ളത്തൂവല്‍, ആനച്ചാല്‍ റൂട്ടില്‍ കൂടുതല്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. ഈ റൂട്ടിലെ ബസ് സര്‍വ്വീസുകളുടെ എണ്ണക്കുറവ് പ്രദേശവാസികള്‍ക്ക് യാത്രാ ക്ലേശം സൃഷ്ടിക്കുന്നുവെന്നാണ് പരാതി. കുത്തുപാറ, മുതുവാന്‍കുടി, ചെങ്കുളം മേഖലകളിലെ ആളുകള്‍ പ്രധാനമായി ആശ്രയിക്കുന്ന ടൗണുകള്‍ ആനച്ചാല്‍, വെള്ളത്തൂവല്‍, അടിമാലി എന്നിവയാണ്. അടിമാലിയിലേക്കെത്തണമെങ്കില് ആളുകള്‍ക്ക് ആനച്ചാലിലെ വെള്ളത്തൂവലിലോയെത്തണം.ഈ മേഖലകളിലൂടെയുള്ള പൊതുഗതാഗതത്തിന്റെ കുറവ് പ്രദേശവാസികളുടെ യാത്ര പ്രയാസകരമാക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഈ റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. ചുരുക്കം ചില സ്വകാര്യ ബസുകളും ഒരു കെ എസ് ആര് ടി സി ബസുമാണ് ഇതുവഴി നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ഇടസമയങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വാഹന സൗകര്യത്തിന്റെ അഭാവത്താല്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്.
ചെങ്കുളം, മുതുവാന്‍കുടി,കുത്തുപാറ മേഖലകളില്‍ നിന്നും ആളുകള്‍ക്ക് വെള്ളത്തൂവലിലെ പഞ്ചായത്ത് കാര്യാലയത്തിലെത്തി വിവിധ ആവശ്യങ്ങള്‍ സാധിച്ച് മടങ്ങാന്‍ വാഹന സൗകര്യങ്ങളുടെ കുറവ് വലിയ ബുദ്ധിമുട്ടുയര്ത്തുന്നുണ്ട്. ഓട്ടോ, ടാക്സി വാഹനങ്ങളെയാണ് ആളുകള്‍ പലപ്പോഴും യാത്രക്കായി ആശ്രയിക്കുന്നത്. ഇത് അധിക ചിലവിന് ഇടവരുത്തുന്നു. കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ വെള്ളത്തൂവല്‍ മേഖലയിലെ വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികള്‍ക്കും അത് പ്രയോജനകരമാകും. ചെറുതോണിയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് വെള്ളത്തൂവല്‍ ആനച്ചാല്‍ വഴി കൂടുതല്‍ കെ എസ് ആര് ടി സി സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ പ്രദേശത്തെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുന്നതിനൊപ്പം വിനോദ സഞ്ചാരമേഖലക്കും കരുത്താകും.