
മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തില്‍പെട്ട രാജ മലയില്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നു. രാജമലയിലെ ടൂറിസം മേഖലയില്‍ പുതിയ രണ്ടു കുഞ്ഞുങ്ങളെയാണു വനപാലകര്‍ കണ്ടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വൈകിയാണ് കുഞ്ഞുങ്ങള്‍ പിറന്നു തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ജനുവരി ആദ്യവാരം തന്നെ രാജമലയില്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതി തേടി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വിഭാഗം ഉടന്‍ തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു കത്തു നല്‍കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കുന്നതിനായി ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഉദ്യാനം അടച്ചിടും.
ഉദ്യാനം അടക്കുന്നതോടെ സന്ദര്‍ശക സോണായ രാജമലയില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും നിരോധിക്കും. കഴിഞ്ഞ മേയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളം ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു.