മാലിന്യ സംസ്‌ക്കരണ യൂണിറ്റിനു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു

മൂന്നാര്‍: കാട്ടാനകളുടെ സാന്നിധ്യം പതിവായ മൂന്നാര്‍ നല്ലതണ്ണി കല്ലാറിലെ പഞ്ചായത്തുവക മാലിന്യ സംസ്‌ക്കരണ യൂണിറ്റിനു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. 4 ലക്ഷം രൂപ ചെലവിട്ട് 16 ക്യാമറകളാണ് കേന്ദ്രത്തിന് ചുറ്റും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നാറില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ യൂണിറ്റിന് മുന്‍പ് കൂട്ടിയിടുന്നത് പതിവാണ്. ഇവ തിന്നാനെത്തുന്ന കാട്ടാനകള്‍ ശുചീകരണ തൊഴി ലാളികളെ ആക്രമിക്കുന്നതും ആനകള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാനായി ഗേറ്റ്, കെട്ടിടത്തിന്റെ ഭിത്തികള്‍ എന്നിവ തകര്‍ക്കുന്നതും പതിവാണ്.
കാട്ടാനകളുടെ സാന്നിധ്യം പതിവായതിനെ തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. മൂന്നാര്‍ ടൗണിലെ പഞ്ചായത്ത് ഓഫിസിലാണ് ക്യാമറകളുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കാട്ടാനകള്‍ എത്തുന്നത് നിരീക്ഷണ ക്യാമറ വഴി അറിയുന്നതോടെ വിവരം വനം വകുപ്പിന് കൈമാറി സുരക്ഷ നടപടികള്‍ സ്വീകരിക്കും. ഇതു കൂടാതെ ശുചീകരണ പ്ലാന്റില്‍ നടക്കുന്ന മോഷണങ്ങളും ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. പുതുതായി നിര്‍മിക്കാന്‍ ലക്ഷ്യമിട്ട സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുമ്പ് സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ ഒരു വര്‍ഷം മുന്‍പ് മോഷണം പോയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.