അടിമാലി കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കു സമീപം സുരക്ഷാവേലി സ്ഥാപിക്കണം

അടിമാലി: അടിമാലി കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവ് അപകട ഭീതി ഉയര്‍ത്തുന്നു. പാതയുടെ ഫില്ലിങ് സൈഡ് കുത്തനെയുള്ള ചെരിവാണ്. കൊടും വളവും ഇറക്കവും നിറഞ്ഞ ഭാഗം കൂടിയാണിവിടം. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം ഇവിടെ അപകടത്തില്‍പ്പെട്ടാല്‍ പതിക്കുക വലിയ കൊക്കയിലേക്കാകും. ഈ സാഹചര്യത്തില്‍ ഇവിടെ സുരക്ഷാവേലി സ്ഥാപിക്കണമെന്നാണ് ആവശ്യം.ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിങ് ജോലികള്‍ നടന്നിട്ടുള്ളതിനാല്‍ വലിയ വേഗത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. എന്നാല്‍ പാതക്കിവിടെ വേണ്ടത്ര വീതിയില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.ഇവിടെ നിന്നിരുന്ന മരങ്ങളും മറ്റും കൃഷി ആവശ്യത്തിനായി അടുത്തിടെ മുറിച്ചുമാറ്റിയിരുന്നു. ഇതോടെയാണ് ഇവിടെ പതിയിരിക്കുന്ന അപകടക്കെണി കൂടുതല്‍ വെളിവായത്. വാഹനം ഏതെങ്കിലും സാഹചര്യത്തില്‍ ഇവിടെ നിന്നും താഴേക്ക് പതിച്ചാല്‍ അത് വലിയ ദുരന്തത്തിന് ഇടവരുത്തും. ഈ അപകട സാധ്യത അടിയന്തിരമായി ഒഴിവാക്കണമെന്നാണ് ആവശ്യം.