മുദ്രപത്ര ക്ഷാമം; ഇടപാടുകാർ പ്രതിസന്ധിയിൽ
മുദ്രപത്ര ലഭ്യത ഉറപ്പാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണണം

അടിമാലി: അടിമാലി മേഖലയിൽ നിലനില്‍ക്കുന്ന മുദ്രപത്ര ക്ഷാമം ആവശ്യക്കാരെ വലക്കുന്നു. നിലവില്‍ അടിമാലിയില്‍ മുദ്രപത്രം വില്‍പ്പന നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്നും മുദ്രപത്രം ലഭിക്കുന്ന സാഹചര്യമില്ല. ഇതാണ് അടിമാലി മേഖലയിലെ ആളുകളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മുദ്രപത്രം ലഭ്യമല്ലാതായതോടെ വിവിധ ഇടപാടുകള്‍ നടത്തേണ്ടുന്ന ആളുകള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്നാണ് ആക്ഷേപം.
വിദൂര സ്ഥലങ്ങളിലെത്തി മുദ്രപത്രം വാങ്ങിയാണിപ്പോള്‍ ആളുകള്‍ ഇടപാടുകള്‍ സാധ്യമാക്കുന്നത്. മുദ്രപത്ര ലഭ്യത ഉറപ്പാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍, പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും ലഭിക്കേണ്ടുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കൊക്കെ മുദ്രപത്രങ്ങള്‍ ആവശ്യമായി വരുന്നു.
ഭവനനിര്‍മാണ പദ്ധതികള്‍, സര്‍ക്കാര്‍ പ്രവൃത്തികള്‍ എടുക്കുന്നതിന് കരാര്‍ ഉണ്ടാക്കല്‍ സ്ഥലം ആധാരം ചെയ്യുന്നതിനും മറ്റ് കരാറുകള്‍ എഴുതുന്നതിനും മുദ്രപത്രത്തിന്റെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ മുദ്രപത്രം വാങ്ങുവാന്‍ ആളുകള്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം അധിക സാമ്പത്തിക തുകയും ചിലവാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിലാണ് അടിമാലി മേഖലയിലെ മുദ്രപത്ര ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.