കാട്ടുകൊമ്പന്‍ പടയപ്പയുടെ ശല്യത്താല്‍ പൊറുതിമുട്ടി മൂന്നാറിലെ തോട്ടം മേഖല

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പയുടെ ശല്യത്താല്‍ പൊറുതിമുട്ടി മൂന്നാറിലെ തോട്ടം മേഖല.ദിവസവും മൂന്നാറിലും പരിസരപ്രദേശങ്ങളിലും പടയപ്പയുടെ ശല്യം വര്‍ധിക്കുകയാണ്. പടയപ്പയുടെ ശല്യത്താല്‍ മൂന്നാറിലെ തോട്ടം മേഖലയിലെ ആളുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടാകാത്ത വിധം പ്രതിസന്ധി നേരിടുകയാണ്. രാത്രികാലങ്ങളില്‍ ആന റോഡിലിറങ്ങി യാത്രാ തടസ്സം സൃഷ്ടിക്കുന്നത് ആവര്‍ത്തിക്കപ്പെടുന്നു. കുറ്റിയാര്‍ വാലി നെറ്റിമേട് പാതയിലായിരുന്നു കഴിഞ്ഞ രാത്രിയില്‍ പടയപ്പ ഇറങ്ങി ഗതാഗത തടസ്സം തീര്‍ത്തത്.
ആന ജനവാസ മേഖലയില്‍ നിന്നും വനത്തിലേക്ക് പിന്‍വാങ്ങാന്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പടയപ്പ മൂന്നാര്‍ ഉദുമല്‍ പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഇറങ്ങി പരാക്രമം നടത്തിയിരുന്നു. റോഡിലൂടെയെത്തിയ ബസിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.ശല്യം വര്‍ധിച്ചതോടെ ജനവാസമേഖലയില്‍ നിന്നും പടയപ്പയെ ഉള്‍ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ മൂന്നാര്‍ ടൗണിലേക്കെത്തുന്ന സാഹചര്യമുണ്ടാവുകയും പിന്നീട് ആനയെ തുരത്തിയോടിക്കുകയുമുണ്ടായി. തോട്ടം മേഖലകളിലെ ലയങ്ങള്‍ക്കരികിലെത്തി പടയപ്പ കൃഷിനാശം വരുത്തുന്ന സാഹചര്യവുമുണ്ട്. മുമ്പ് ശാന്ത സ്വഭാവക്കാരനായിരുന്ന പടയപ്പ സമീപകാലത്ത് സ്ഥിരമായി ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സാഹചര്യമുണ്ട്. വേനല്‍ കനക്കുന്നതോടെ പടയപ്പയുടെ ശല്യം വര്‍ധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാട്ടുകൊമ്പനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.