
മൂന്നാര്‍: വേനല്‍ക്കാലം ആരംഭിച്ചതോടെ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് വര്‍ധിച്ചു.മൂന്നാര്‍ മേഖലയില്‍ ദിവസവും കാട്ടാന ശല്യം വര്‍ധിച്ചു വരുന്ന സ്ഥിതിയാണുള്ളത്. ജനവാസ മേഖലകളില്‍ സ്ഥിര സാന്നിധ്യമായിട്ടുള്ള കാട്ടുകൊമ്പന്‍മാര്‍ക്ക് പുറമെ വേറെയും ആനകള്‍ കാടിറങ്ങി ജനവാസമേഖലകളിലേക്കെത്തുന്നു. മൂന്നാര്‍ മേഖലയിലെ റോഡുകളില്‍ രാത്രികാലത്തിറങ്ങുന്ന കാട്ടാനകള്‍ ഗതാഗത തടസ്സം തീര്‍ക്കുന്നത് പതിവാകുകയാണ്.കഴിഞ്ഞ രാത്രിയില്‍ മൂന്നാര്‍ ചിന്നാര്‍ റോഡിലായിരുന്നു കാട്ടാന ഇറങ്ങി തടസ്സം സൃഷ്ടിച്ചത്. അര മണിക്കൂറോളം സമയം ആന റോഡില്‍ പരിഭ്രാന്തി പരത്തി.
കാട്ടാന റോഡില്‍ പരിഭ്രാന്തി പരത്തിയെങ്കിലും വാഹനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിരാതിരുന്നത് ആശ്വാസകരമായി.മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി യാത്രാ തടസ്സം തീര്‍ക്കുന്നത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം സ്ഥിരമായതോടെ വാഹനയാത്രികരും ഭീതിയിലാണ്. ഇരുചക്രവാഹനയാത്രികര്‍ ആനക്ക് മുമ്പില്‍ അകപ്പെട്ടാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും.