
അടിമാലി: കാത്തിരിപ്പിന് ഒടുവില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികള്‍ ആരംഭിച്ചു. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ നവീകരണജോലികള്‍ക്ക് തുടക്കം കുറിച്ചിട്ട് ഏതാനും നാളുകളായി. എന്നാല്‍ വനംവകുപ്പിന്റെ തടസ്സവാദങ്ങളെ തുടര്‍ന്ന് ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരുന്നില്ല. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തില്‍ മുടങ്ങിക്കിടന്നിരുന്ന ഭാഗത്തെ നവീകരണ ജോലികള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുള്ളത്. കാലതാമസം ഒഴിവാക്കി ദ്രുതഗതിയില്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് എന്‍എച്ച്എഐ അധികൃതര്‍ കരാറുകാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.
10 മീറ്റര്‍ ടാറിംഗ് ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയിലാണ് നവീകരണ ജോലികള്‍ നടക്കുക.ദേശിയപാതയുടെ മറ്റിടങ്ങളില്‍ വീതി കൂട്ടി ടാറിംഗ് നടത്തുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും ഓടകളുടെ നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നു.കൊച്ചി മുതല്‍ മുന്നാര്‍ വരെയുള്ള ദുരത്തില്‍ 980 കോടി അനുവദിച്ചുള്ള നവീകരണ പ്രവൃത്തികള്‍ 6 മാസം മുന്‍പാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്.നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരിക്കപ്പെടുന്നതോടെ ഗതാഗതകുരുക്കും അപകടങ്ങളും കുറയുമെന്നാണ് പ്രതീക്ഷ.