
അടിമാലി: മുക്കുടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.കുടിയേറ്റ കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്ന് 1974ല്‍ ആയിരുന്ന മുക്കുടം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്‌കൂളില്‍ ഒരു വര്‍ഷക്കാലം നീണ്ട് നിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് സമാപനമായത്. സുവര്‍ണ്ണ ദീപ്തി 2025 എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. സ്‌കൂളിന് വേണ്ടുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിനായി തുക അനുവദിക്കുമെന്ന് ചടങ്ങില്‍ മന്ത്രി അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സ്‌കൂളിലെ ആദ്യ ബാച്ചിനേയും പൂര്‍വ്വ അധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു.പുനര്‍ജ്ജനി എന്ന പേരില്‍ നടന്ന പൂര്‍വ അധ്യാപക, വിദ്യാര്‍ത്ഥി സംഗമം കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരം സാജു നവോദയ ചടങ്ങില്‍ സംബന്ധിച്ചു. ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറന്നാകുന്നേല്‍ അദ്ധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മ ജോര്‍ജ്ജ്, സ്‌കൂള്‍ അധികൃതര്‍, സ്വാഗതസംഘം ഭാരവാഹികള്‍, പിടിഎ, എസ് എം സി ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആകാശവിസ്മയവും ഗാനമേളയും അരങ്ങേറി.