മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിനായി കെട്ടിടമുള്‍പ്പെടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നാവശ്യം

മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സ് യൂണിറ്റിനായി കെട്ടിടമുള്‍പ്പെടെ അടിസ്ഥാന സൗകര്യം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യം. 1990ലാണ് മൂന്നാര്‍ നല്ലതണ്ണിയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.നിലവില്‍ 42 പേര്‍ ജീവനക്കാരായുണ്ട്.മൂന്നാര്‍ ടൗണില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരമുണ്ട് ഇപ്പോഴത്തെ ഫയര്‍ സ്‌റ്റേഷനിലേക്ക്.തുടരെ തുടരെയുള്ള ഹമ്പുകള്‍ കടന്ന് ഇടുങ്ങിയ റോഡിലൂടെ വേണം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ടൗണിലേക്കെത്താന്‍.നിലവില്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സ് കെട്ടിടം മതിയാംവിധം അടിസ്ഥാന സൗകര്യമുള്ളതല്ല.മഴപെയ്താല്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നൊലിക്കും.ശുചിമുറി സംവിധാനവും വേണ്ടവിധമില്ല.മുമ്പ് പഴയ മൂന്നാര്‍ മൂലക്കട ഭാഗത്തേക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം മാറ്റാന്‍ ആലോചനകള്‍ നടന്നെങ്കിലും മുമ്പോട്ട് പോക്കുണ്ടായിട്ടില്ല.ഈ സാഹചര്യത്തിലാണ് യൂണിറ്റിനായി കെട്ടിടമുള്‍പ്പെടെ അടിസ്ഥാന സൗകര്യം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.പ്രധാനമായും ഒരു ഫയര്‍ എഞ്ചിനാണ് യൂണിറ്റിലുള്ളത്.ദുര്‍ഘടമായ ഇടവഴികളിലൂടെയും മറ്റും പോകേണ്ടുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു മിനി ഫയര്‍ എഞ്ചിന്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.വട്ടവടയും കാന്തല്ലൂരും പൂപ്പാറയുമടക്കം അവശ്യഘട്ടങ്ങളില്‍ മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഓടിയെത്തേണ്ടുന്ന ദൂരം വളരെ വലുതാണ്.നിലവില്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നിടത്തു നിന്നും മൂന്നാര്‍ ടൗണിലേക്കെത്താനും ടൗണിലെ ഗതാഗതകുരുക്ക് മറികടന്ന് അപകട സ്ഥലത്തേക്കെത്തുന്ന കാര്യത്തിലും പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നു.ഇത്തരം സാഹചര്യം കൂടി കണക്കിലെടുത്ത് സൗകര്യപ്രദമായ സ്ഥലത്ത് യൂണിറ്റിനായി പുതിയ കെട്ടിട സമുച്ചയമൊരുക്കണമെന്നാണ് ആവശ്യം.