
മറയൂര്: മറയൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നിലവില്‍ മൂന്നാറിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ സേവനമാണ് മറയൂരില്‍ ലഭ്യമാകുന്നത്. നിരവധി ആദിവാസി ഇടങ്ങളും വനമേഖലകളും വിവിധഗ്രാമങ്ങളുമൊക്കെയടങ്ങുന്നതാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖല. രണ്ട് പഞ്ചായത്തുകളിലുമായി നൂറുകണക്കിനാളുകളും അധിവസിക്കുന്നു.മറയൂര്‍ മേഖല കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റനുവദിക്കണമെന്നാണ് ആവശ്യം.
മൂന്നാറില്‍ നിന്നും നാല്‍പ്പത് കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ മാത്രമെ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് മറയൂരിലെത്താനാകു. മറയൂരിലെ മറ്റിടങ്ങളിലേക്ക് പോകണമെങ്കില്‍ പിന്നെയും കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വിനോദ സഞ്ചാരികളുടെ തിരക്കുള്ള ദിവസങ്ങളില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.ഒന്നര മണിക്കൂറിനടുത്ത സമയം വേണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന് മറയൂരിലെത്താന്‍. അവശ്യഘട്ടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് മൂന്നാറില്‍ നിന്നും മറയൂരിലേക്ക് എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്തും മറയൂരിന്റെ വിസ്തൃതിയേറിയ ഭൂപ്രകൃതി പരിഗണിച്ചും മറയൂരില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റനുവദിക്കണമെന്നാണ് ആവശ്യം.
മുങ്ങിമരണങ്ങളും വാഹനാപകടങ്ങളുമൊക്കെ സംഭവിക്കുന്ന പ്രദേശം കൂടിയാണ് മറയൂര്.മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അനിഷ്ട സംഭവങ്ങളും ഉണ്ടാകാറുണ്ട്. വനമേഖലയിലും കൃഷിയിടങ്ങളിലുമൊക്കെ വേനല്‍ക്കാലങ്ങളില്‍ തീ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മറയൂരില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ആരംഭിച്ചാല്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ സേനയുടെ സേവനം ലഭ്യമാക്കാനാകും.